This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാക്കാ ഹുയൂക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലാക്കാ ഹുയൂക്ക്

Alaca Huyuk

തുര്‍ക്കിയിലെ പുരാവസ്തു ഗവേഷണപ്രധാനമായ ഒരു പ്രദേശം. പ്രാചീന ഹിറ്റൈറ്റ് തലസ്ഥാനനഗരമായിരുന്ന ബൊഗാസ്കോയ്ക്ക് വ. കിഴക്കും വ്യാപാരകേന്ദ്രമായ അലാക്കായ്ക്ക് വ. പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു. 19-ാം ശ.-മുതല്‍ ഈ പ്രദേശത്തെ മണ്‍കൂനകള്‍ (ഹുയൂക്കുകള്‍) പുരാവസ്തുഗവേഷകരെ ആകര്‍ഷിച്ചുവന്നു. പ്രാചീനകാലത്ത് ഒരു നഗരകവാടത്തില്‍ സ്ഥാപിച്ചിരുന്ന ശിലാനിര്‍മിതങ്ങളും ഭീമാകാരങ്ങളുമായ രണ്ട് സ്ത്രീനരസിംഹങ്ങള്‍ (Sphinxs) മാത്രമേ ഇന്നു പ്രാചീനതയുടെ അവശിഷ്ടമായി അവിടെ നില്പുള്ളു. ഈ പ്രദേശത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഇന്ന് ആള്‍പ്പാര്‍പ്പുള്ള ഒരു ആധുനിക ഗ്രാമമായി മാറിയിട്ടുണ്ട്. 1861-ല്‍ ജോര്‍ജസ് പിറോട്ടും 1863-ല്‍ ഹ്യൂഗോ വിങ്ക്ളറും നടത്തിയ പ്രാരംഭ ഖനനങ്ങള്‍ക്കുശേഷം 1907-ല്‍ മക്ക്റീഡിബേ നടത്തിയ ഭൂഖനനഗവേഷണങ്ങളുടെ ഫലമായി പ്രാചീന നഗരകവാടത്തിന്റെ ഉള്‍ഭാഗത്തുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കുറെ പ്രതിമകളും കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവ ഹിറ്റൈറ്റ് സാമ്രാജ്യകാലം തൊട്ടുള്ളവയാണെന്നു കരുതപ്പെടുന്നു. എച്ച്.ഇസെഡ്.കൊസ്സേ, ആര്‍.ഒ. എറിക് എന്നിവരുടെ നേതൃത്വത്തിലും തുര്‍ക്കിയിലെ ചരിത്രസമിതിയുടെ ആഭിമുഖ്യത്തിലും 1935-ല്‍ നടത്തപ്പെട്ട പര്യവേക്ഷണങ്ങളാണ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന പല വിവരങ്ങളും പുറത്തു കൊണ്ടുവന്നത്. സ്ത്രീനരസിംഹങ്ങള്‍ നില്ക്കുന്ന നഗരകവാടത്തിന് അകത്തുള്ള പ്രദേശത്തില്‍ ബൊഗാസ്കോയിലെ ഹിറ്റൈറ്റ് ദേവാലയങ്ങളെ അനുസ്മരിപ്പിക്കുന്നതരത്തില്‍ വിശാലവും വിപുലവുമായ ഒരു മന്ദിരത്തിന്റെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ആധുനിക ഗ്രാമഭവനങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനകളുടെ ഫലമായി ഹിറ്റൈറ്റ് കാലഘട്ടത്തെ സൂചിപ്പിക്കുന്ന സ്ഥലങ്ങള്‍ക്ക് അപ്പുറത്തായി ചാരവും മറ്റു നഷ്ടാവശിഷ്ടങ്ങളും നിറഞ്ഞ ഒരു സ്ഥലം കണ്ടെത്തുവാന്‍ കൊസ്സേയ്ക്കു കഴിഞ്ഞു. ഇതു ഹിറ്റൈറ്റുകള്‍ക്കു മുന്‍പുണ്ടായിരുന്ന ഒരു ജനപദത്തിന്റെ ദുരന്തത്തെ കുറിക്കുന്നതാണെന്ന് കരുതപ്പെടുന്നു.

ഈ സ്ഥലത്തിന്റെ തൊട്ട് അടിയിലായി ഒരു രാജകീയ ശ്മശാനവും അതില്‍ ബി.സി. മൂന്നാം സഹസ്രാബ്ദത്തിന്റെ മധ്യകാലത്തേതെന്നു കരുതാവുന്നതും മധ്യ അനത്തോളിയന്‍ താമ്രയുഗത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതുമായ 13 ശവകുടീരങ്ങളും കണ്ടെത്തിയിട്ടുണ്ട്. 1935 മുതല്‍ 1939 വരെ നടത്തിയ ഉത്ഖനനത്തിന്റെ ഫലമായിട്ടാണ് ഇവ കണ്ടെത്തിയത്. അലിഷാര്‍ ഹുയൂക്കില്‍ നടത്തിയിട്ടുള്ള ഭൂഖനനഗവേഷണങ്ങളില്‍നിന്നും ഈ കാലഘട്ടത്തിന് തുല്യമായ സ്തരം ഇതിന്റെ മുകളിലുള്ള മേഖലകളില്‍നിന്നു കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട് ആ പ്രദേശങ്ങളില്‍ ഈ കാലഘട്ടത്തിന്റെ സംസ്കാരം കടന്നുവരുന്നതിനു വളരെ മുന്‍പുതന്നെ ഇവിടെ അതു നിലനിന്നിരുന്നു എന്ന് അനുമാനിക്കാം.

അലാക്കാ ഹുയൂക്കില്‍നിന്നും കണ്ടെത്തിയ കല്ലറകള്‍ ആ പ്രദേശത്തെ പ്രത്യേക ഭൂപ്രകൃതിയും കാലഗണനാപരമായ ഭൂസ്തരവിന്യാസവും വച്ചുനോക്കുമ്പോള്‍ സംസ്കാരസമ്പന്നവും പരിഷ്കൃതവുമായ ഒരു നാഗരികത അവിടെ നിലവിലിരുന്നുവെന്നതിന്റെ സൂചനയായി കരുതാവുന്നതാണ്. നഗരമന്ദിരങ്ങളോടു ചേര്‍ന്ന്, നഗരമധ്യത്തില്‍ ചെറിയ ഗൃഹാന്തരശ്മശാനങ്ങള്‍ സ്ഥാപിച്ചിരുന്നു. നിരവധി തലമുറകളെ പ്രതിനിധാനം ചെയ്യുന്ന തുടര്‍ച്ചയായുള്ള സ്തരങ്ങള്‍ അവിടെ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഒരേ കല്ലറയില്‍ത്തന്നെ അടക്കിയിരുന്നു എന്നതിന്റെ ലക്ഷണങ്ങളും അവിടെയുണ്ട്. ആഴംകുറഞ്ഞ് ദീര്‍ഘചതുരാകൃതിയില്‍ ഉണ്ടാക്കിയിട്ടുള്ള പംക്തികളില്‍ കല്ലുപാകി ഓരോ മൃതദേഹവും മര്‍ദിച്ചൊതുക്കിയ നിലയില്‍ അടക്കംചെയ്യുന്ന സമ്പ്രദായമാണ് സാധാരണ അവിടെ കണ്ടുവരുന്നത്. പുരുഷന്മാരോടൊപ്പം അവരുടെ ആയുധങ്ങളും സ്ത്രീകളോടൊപ്പം അവരുടെ ആഭരണങ്ങളും സൌന്ദര്യസംവര്‍ധകപദാര്‍ഥങ്ങളും അടക്കംചെയ്തിരുന്നു. മൃതദേഹത്തിനരികെ പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന നിരവധി പദാര്‍ഥങ്ങള്‍, പ്രത്യേകിച്ചും സൗരചക്രം (sundisc), പലതരത്തിലുള്ള ചെറിയ പ്രതിമകള്‍, മറ്റു രൂപങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. കല്ലറയുടെ കുഴിമൂടുന്നത് പലകകള്‍ നിരത്തിയും കളിമണ്ണോ വെറും മണ്ണോ ഉപയോഗിച്ചുമാണ്. സംസ്കരിച്ച സ്ഥലം തിരിച്ചറിയുന്നതിനായി അതിനുചുറ്റും ഒരു വരി കല്ല് നിരത്തിയിരിക്കും. അതിന്റെ അടുത്തുതന്നെ അപരക്രിയയുടെ ഭാഗമായി ബലികഴിക്കപ്പെട്ട ജന്തുക്കളുടെ അസ്ഥികളും ഉണ്ടായിരിക്കും.

താമ്രയുഗത്തിലെ ലോഹവിദ്യയുടെ ഏറ്റവും സമൃദ്ധമായ സാക്ഷ്യങ്ങളാണ് ഈ ശവകുടീരങ്ങള്‍. നേര്‍ത്ത കസവുപണിത്തരങ്ങള്‍, കൈവളകള്‍, കാല്‍ത്തളകള്‍, സൂചി, കൊളുത്ത്, കൈപിടി, കോപ്പകള്‍, ഭരണികള്‍, സ്വര്‍ണച്ചഷകങ്ങള്‍, സ്വര്‍ണത്തകിടും കമ്പികളുംകൊണ്ട് നിര്‍മിച്ചിട്ടുള്ള ആഭരണങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, കോപ്പകള്‍, ചെമ്പും ഓടും ഉപയോഗിച്ചു നിര്‍മിച്ചിട്ടുള്ള പ്രതിമകള്‍ ഇവയെല്ലാം അക്കൂട്ടത്തില്‍പ്പെടും. ലോഹമിശ്രിതങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ചിട്ടുള്ള വാര്‍പ്പുപണിത്തരങ്ങളും വിലപിടിപ്പുള്ള പലതരം കല്ലുകള്‍ ലോഹങ്ങളില്‍ പതിപ്പിച്ചുള്ള പണിത്തരങ്ങളും ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പു വായ്ത്തലയുള്ള ഒരു കഠാര ഇക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇരുമ്പ് ആ കാലഘട്ടത്തില്‍ വളരെ അപൂര്‍വവും അമൂല്യവുമായ ഒരു ലോഹമായിരുന്നതുകൊണ്ടാണ് ഈ പ്രാധാന്യം ഇതിനു ലഭിച്ചത്. ലോഹനിര്‍മിതമായ സൌരചക്രം, കലമാന്‍, കാള എന്നീ മൃഗങ്ങളുടെ രൂപങ്ങള്‍ എന്നിവ സാധാരണ അമ്പുകളുടെ ചുവട്ടില്‍ ഉറപ്പിച്ചിരുന്നതായി കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെനിന്നു കണ്ടെടുത്തിട്ടുള്ള പ്രതിമകളില്‍ ലൈംഗികഭാവങ്ങള്‍ക്കു പ്രാമുഖ്യം നല്കിക്കൊണ്ടുള്ള ബീഭത്സങ്ങളായ സ്ത്രൈണരൂപങ്ങള്‍ ഒരുപക്ഷേ, പ്രാചീനകാലത്ത് ഇവിടെ നിലവിലിരുന്ന അനത്തോളിയന്‍ മാതൃദേവതാരാധനയ്ക്ക് ഉപയോഗിച്ചിരുന്ന വിഗ്രഹങ്ങളായിരിക്കാം. ഇന്തോ-യൂറോപ്യന്‍ ജനവര്‍ഗങ്ങളുടെ മുന്‍ഗാമികളായ ഒരു നരവംശമായിരുന്നു ഈ പ്രദേശത്തെ അധിവസിച്ചിരുന്നതെന്ന് അനുമാനിക്കുന്നു. ആ കാലഘട്ടത്തിലെ പ്രമുഖങ്ങളായ മറ്റു ജനപദങ്ങളുമായി സാംസ്കാരിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുവാനോ മറ്റു സംസ്കാരങ്ങളുടെ സ്വാധീനതയ്ക്കു വിധേയമാകുവാനോ അലാക്കായിലെ മണ്‍കൂനകള്‍ക്കുള്ളില്‍ അടിഞ്ഞുപോയ പ്രാചീന സംസ്കാരങ്ങളുടെ ഉടമകള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നുള്ള നിഗമനത്തിലാണ് പുരാവസ്തുഗവേഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നോ: അലിഷാര്‍ ഹുയൂക്ക്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍